ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെതന്നെ കിഴക്കഞ്ചേരിയലെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ നമ്പൂതിരിമാരുടെ മനവകയായരുന്നു. കൊച്ചിരാജാവിന്റെ താവഴിക്കാരില്‍ ഒരാള്‍ കലഹിച്ചു വേര്‍പിരിഞ്ഞ് കാടുകള്‍ താണ്ടി വന്നു ഇവിടെ താമസമുറപ്പിച്ചുവെന്ന് പറയപ്പെടുന്നു. സ്ഥലത്തെ ആദിവാസികളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ആദിവാസി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് കൂട്ടുകുടുംബങ്ങള്‍ ഉണ്ടാക്കി. തെണ്ടില്ലം, പൊക്കില്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസംഉറപ്പിച്ചിരുന്നത്. ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബം പെരുകി ഭരണം വിപുലപ്പെടുത്തേണ്ട ഒരു ഘട്ടം വന്നപ്പോള്‍ ഇവര്‍ പാലക്കാട്ടേക്ക് താമസം മാറ്റി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂസ്വത്തും പുഴക്കലിടം രാജവംശത്തിന്റെയും, ബാക്കി നെല്ലിക്കലിടം, നടുവിലിടം തുടങ്ങിയരാജവംശങ്ങളുടെയും കൈവശമായിരുന്നു.
സംഘകാലസാഹിത്യവുമായി കിഴക്കഞ്ചേരി എന്ന പേരിന് ബന്ധമുണ്ട്. തമിഴിലെ കിഴക്കഞ്ചേരി പിന്നീട് മലയാളത്തില്‍ കിഴക്കഞ്ചേരിയായി മാറുകയായിരുന്നു. കിഴക്കഞ്ചേരി എന്ന പേരിന്റെ ഉല്പത്തിക്ക് രണ്ടു നിഗമനങ്ങളാണ് ഉള്ളത്. രണ്ടും ദിശയെ സൂചിപ്പിക്കുന്നവയാണ്. അതിപുരാതനമായ തിരുവറക്ഷേത്രം നടുവിലും (മധ്യഭാഗത്ത്), ക്ഷേത്രത്തിന് വടക്കുഭാഗം വടക്കഞ്ചേരിയും കിഴക്കുഭാഗംകിഴക്കഞ്ചേരിയും എന്നതാണ് ഒന്നാമത്തേത്. വടക്കഞ്ചേരിയുടെ കിഴക്ക് കിഴക്കഞ്ചേരി എന്നതാണ് രണ്ടാമത്തെ നിഗമനം. (ചേരികള്‍ അന്നു നിലവിലുണ്ടായിരുന്ന ബ്രാഹ്മണരുടെ ആവാസ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു.
പാട്ടവ്യവസ്ഥയിലായിരുന്ന ഭൂമി മുഴുവന്‍ കാണച്ചാര്ത്തായി കാണക്കുടിയാന്മാരുടെ കൈവശം വന്നുചേര്‍ന്നു. കാണക്കൂടിയാന്മാര് പ്രമാണികളായിരുന്നു. പന്ത്രണ്ടു വര്‍ഷം കൂടുമ്പാള്‍ കാണം പൊളിച്ചെഴുതുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പൊളിച്ചെഴുതുന്നതിനെതിരെ കാണക്കുടിയാന്മാരുടെ നേതൃത്വത്തില്‍ ഒരു സമരം നടന്നിരുന്നു.70000 പറ നെല്ല് പാട്ടമായികൊടുത്തിരുന്നത് 17000 പറ നെല്ല് മിച്ച വാരമായി (കാണാകുടിയന്മാര് പുഴക്കിലിടം തമ്പുരാന് കൊടുക്കേണ്ടതാണ് മിച്ചവാരം) ഭൂമിയില്‍ ഭൂരിഭാഗവും കാടായിതരന്നു(മലമ്പ്രദേശം).180000 ഏക്കറില്‍ 2ഏക്കര്‍ കാണചാര്ത്ത് കഴിച്ച് 16000 ഏക്കര്‍ ഇടംവക വനംഭൂമിതന്നെ ആയിരുന്നു. (സര്‍വ്വേ നമ്പര്‍ 1/1എ) ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവുമായി ബന്ധപ്പെട്ട് ഭൂമി പതിച്ചുകൊടുക്കുന്ന എര്പ്പാടും ഉണ്ടായിരുന്നു. ഇവ ദേവസ്വം ഭൂമികളായി അറിയപ്പെട്ടു. ഇവ ജന്മാവകാശം സിദ്ധിച്ചവയുമായിരുന്നു.
സവര്‍ണ്ണ മേധാവിത്വത്തിനെതിരെ സകലജനങ്ങളും (ക്രിസ്റ്റിന്,മുസ്ലീം, ഈഴവ വിഭാഗങ്ങള്‍) ചേര്‍ന്ന് വിശാല ഐക്യമുന്നണി രൂപീകരിക്കുകയും പഞ്ചായത്ത് ബോഡിലേക്ക് നടന്ന കൈപൊക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, വിജയിക്കുകയും ചെയ്തു. ആദ്യത്തെ പഞ്ചായത്ത് പോഡിന്റെ ആദ്യ തീരുമാനം പഞ്ചായത്തില്‍ അന്ന് ഉണ്ടായിരുന്ന ഏക ക്ലര്‍ക്കായ പല്ലാവൂര്‍ പെരുംഞ്ചേരി രാമനുണ്ണി എന്ന ഉണ്ണി മാസ്റ്ററെ പിരിച്ചുവിട്ടുകൊണ്ടുള്ളതായിരുന്നു. ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെയുള്ള ആദ്യത്തെ ജനകീയ വികാരത്തിന്റെ പ്രതിഫലനമാവാം ഇത്. ക്ലര്‍ക്കിനെ പിരിച്ച് വിടുകും അതോടൊപ്പം വ്യക്തിപരമായകാരണത്താല് പ്രസ്ഡണ്ട് ശ്രീ. എസി രാമകൃഷ്ണന് രാജിവക്കുകയും ചെയ്തു. അതിനുശേഷമാണ് ആദ്യത്തെ ബാലറ്റ് ഇലക്ഷന് തൃപ്പന്നൂരില്വച്ച് നടക്കേണ്ടിയിരുന്നത്. എതിര്സ്ഥാനാത്ഥിയായ ശ്രീ. അബ്ദുള്‍ ഖാദര്‍ സാഹിബിന് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ശ്രാ. എ സി വേലായുധന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം കിഴക്കഞ്ചരിയിലും, പിന്നീട് കുണ്ടുകാട്ടിലും 1966 ല്‍ നൈനാംകാട്ടില് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി.
ഇവിടുത്തെ പ്രധാനക്ഷേത്രങ്ങളായ തിരുവറ, കരുമനശ്ശേരി, കിഴക്കഞ്ചേരി തുടങ്ങിയ ക്ഷേത്രങ്ങളില്‍ ആര്.കൃഷ്ണന്റ നേതൃത്വത്തില്‍ സുകുമാരന്‍ മാസ്റ്റര്‍, വെള്ളക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രവേശനം നടത്തിയത് പ്രധാന സംഭവമാണ്. സമീപപ്രദേശമായ വണ്ടാഴിയിലെ കര്‍ഷകതൊഴിലാളി പ്രക്ഷോഭങ്ങളുടെ അനുരണനങ്ങള്‍ ഈ പ്രദേശത്തും ചെറിയതോതില്‍ എത്തിയിരുന്നു. 1951-52-ല്‍ മൂലങ്കോട് ഒരു ബീഡിക്കമ്പനി തുടങ്ങി. ഇതിലെ തൊഴിലാളികള്‍ സി.ഒ.സുകുമാരന്‍ മാസ്റ്റര്‍, ഇ.വി.രാഘവന് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ബീജാവാപം നല്കി.
1957-ലെ ഭൂപരിഷ്കരണ നിയമത്തോടനുബന്ധിച്ച് പറമ്പിന്, ഏക്കറിന് രണ്ടു രൂപ വെച്ച് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ പുഴയ്ക്കലിടംകാര് നികുതി കൊടുക്കാന്‍ ബാധ്യസ്ഥരായി. അതിനെ തുടര്‍ന്നു 1960-കളില്‍ മലമ്പ്രദേശംയു.റ്റി.റ്റി കമ്പനിക്ക് വില്ക്കുവാനുള്ള നീക്കം നടന്നു. ഇതിനു സമാന്തരമായി 200-ഓളം കുടുംബങ്ങള്‍ സ്വത്ത് വീതം വെയ്ക്കണമെന്നാവശ്യപ്പെട്ട് കേസ്സു കൊടുക്കുകയും ചെയ്തു. തല്‍ഫലമായി യു.റ്റി.റ്റി സമരം, 1962-ലെ മല്ലുകോട് ഒഴിപ്പിക്കല്‍ സമരം തുടങ്ങിയ സമരങ്ങള്‍ ഈ കാലഘട്ടത്തിലുണ്ടായി. ബ്രാഹ്മണഗ്രാമത്തിനകത്ത് അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത്പോസ്റ്റോഫീസ് ബ്രാഹ്മണഗ്രാമത്തില് തന്നെ സ്ഥാപിക്കപ്പെട്ടതിനെ തുടര്ന്ന്ഗ്രാമത്തിനു പുറത്ത് പോസ്റ്റോഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്നസമരവും സ്മരണീയമാണ്.
1912-ലാണ് ആദ്യത്തെ എല്‍.പി സ്കൂള്‍, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ കിഴക്കഞ്ചേരിയില്‍ ആരംഭിച്ചത്. തുടര്‍ന്ന് മൂലങ്കോട്, മലമ്പാട്, ഇളവമ്പാടം, തൃപ്പന്നൂര്‍, വാല്‍ക്കുളമ്പ് എന്നിവിടങ്ങളിലും സ്കൂളുകള്‍ സ്ഥാപിതമായി. ആദ്യത്തെ ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടത് 1956-ലാണ്. ഗ്രാമപഞ്ചായത്തിനോടു അനുബന്ധിച്ചുള്ള വായനശാലയിലൂടെയാണ് കിഴക്കഞ്ചേരിയില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കംകുറിച്ചത്. ആര്യമാലക്കളി, കണ്യാര്‍കളി, കോല്‍ക്കളി, പൊറോട്ടുംകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ പഞ്ചായത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. നായര്‍കുന്ന് എന്ന സ്ഥലം കേന്ദ്രീകരിച്ച് മൂലങ്കോട് കൂട്ടപ്പുര കൃഷ്ണന്, തച്ചക്കോട് കേന്ദ്രീകരിച്ച് മുടപ്പല്ലൂര്‍ വേലായുധന് നായര്‍ എന്നിവര്‍ പുരാണനാടകങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്നു.
1940ലെ രൂക്ഷമായ വെള്ളപൊക്കം വളരെയധികം സ്വത്ത് നാശം ഈ പ്രദേശത്ത് ഉണ്ട്ക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ പ്രസ്താവ്യമായ സംഭവമാണ് ഉള്ളത്.
പഞ്ചായത്തിലെ ആദ്യകാല പ്രധാന കൃഷിയിനങ്ങള്‍ നെല്ല്, പയര്‍, കോറ, എള്ള്, ഉഴുന്ന്, തുവര മുതലായവയായിരുന്നു. 1945 ല്‍ ഏകദേശം നാലോളം കുടുംബങ്ങള്‍ ഈ പ്രദേശത്ത് ആദ്യകാല കുടിയേറ്റക്കാരായി വന്നു. 1952 ല്‍ കോരഞ്ചിറ ഭാഗത്തേക്ക് 20 കുടുംബങ്ങള്‍ കുടിയേറി പാര്‍ത്തു. തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ അവരുടെ പ്രവാഹംതന്നെയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, പ്രദേശത്തെ പാല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നായിരുന്നു ഭൂരിഭാഗംപേരും. ഇവരുടെ വരവോടെ ഈ പ്രദേശത്തെ കൃഷി സങ്കല്‍പ്പം ആകെ മാറി. ആദ്യകാലങ്ങളില്‍ വ്യാപകമായി തൈലപ്പുല്‍, കപ്പ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. 1953-ല്‍ മംഗലം ഡാം കമ്മീഷന് ചെയ്തതോടുകൂടി റബ്ബര്‍, തെങ്ങ്, കുരുമുളക്, കവുങ്ങ്, വാഴ തുടങ്ങിയവ കൃഷി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. തെക്കുനിന്ന് വടക്കോട്ട് മൂന്നു മടക്കുകളായി ചരിഞ്ഞു കിടക്കുന്ന കിഴക്കഞ്ചേരിയുടെ മൊത്തം വിസ്തൃതിയില്‍ 10 ശതമാനമാണ് ഉയര്‍ന്ന സമതലം ഉള്ളത്. കാപ്പി, ഏലം, കുരുമുളക് എന്നീ സുഗന്ധവിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു. കൃഷിക്കുപയുക്തമായ സ്ഥലങ്ങള്‍ കഴിച്ച് ബാക്കി സ്ഥലം നിബിഡ വനപ്രദശങ്ങളാണ്. തിപ്പിലിക്കയം, താള്പ്പുഴ, രണ്ടാംപുഴ, ഓടന്തോട്, മനിള എന്നീ പുഴകള്‍ ഈ പ്രദേശത്തുനിന്നു ഉല്‍ഭവിക്കുന്നു. കൂടാതെ തീണ്ടില്ലം ജലപാതയും ഈ പ്രദേശത്തു നിന്നു തുടങ്ങുന്നു. ഈ പ്രധാന ജലസ്രോതസുകളെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷി നടക്കുന്നത്. മണ്ണിനോട് മല്ലടിച്ച് നേട്ടംകൊയ്യാനും അദ്വാനത്തിന് മാന്യത നല്‍കാനും തദ്ദേശിയരില് കൃഷികാര്യങ്ങളില്‍ ഉണര്‍വ് ഉണ്ടാക്കാനും കുടിയേറ്റകാര്‍ക്ക് കഴിഞ്ഞു.
സാംസ്കാരിക ചരിത്രം
പുന്നപ്പാടം പുത്തന്‍പള്ളി, ചരിത്രപ്രസിദ്ധമായ തിരുവാക്ഷേത്രം, കറ്റുകുളങ്ങര ക്ഷേത്രം, തൃപ്പന്നൂര്ശിവക്ഷേത്രം, മൂലങ്കോട് വിഷ്ണുക്ഷേത്രം, ഏമൂര്‍ ഭഗവതി ക്ഷേത്രം, ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളോടും, പള്ളികളോടും അനുബന്ധിച്ചു നടത്തുന്ന ആഘോഷങ്ങളില്‍ നാട്ടിലെ എല്ലാവരും ജാതിമതഭേദമെന്യേ പങ്കെടുത്തുവരുന്നു. പുരാതനകാലത്ത് കറ്റുകുളങ്ങര ക്ഷേത്രത്തിന്റെ മുറ്റത്ത് കണ്യാര്‍കളിയും പുന്നപ്പാടം മുസ്ളീം പള്ളിയോടനുബന്ധിച്ച് കോല്‍ക്കളിയും നടന്നിരുന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. നൈനാംകാട്ടിലെ ഷേക് പരീത് ഔലിയയുടെ ഓര്‍മ്മക്കായുള്ള ആണ്ടുനേര്‍ച്ച നടത്തുന്നത് നാട്ടിലെ എല്ലാ മതക്കാരും ചേര്‍ന്നാണ്. ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഉല്സവങ്ങള് കിഴക്കഞ്ചേരി ഉത്സവം, കരുമനശ്ശേരി തേര്, മൂലംങ്കോട്- കിഴക്കഞ്ചേരി- കൊട്ടേക്കാട്- ചീരക്കുഴി- പുന്നപ്പാടം- വേലകള്‍, പുന്നപ്പാടം-മാരിയമ്മന്‍ പൊങ്കല്‍, മൂലങ്കോട്-മമ്പാട് കതിര് ഉല്സവങ്ങള്, ക്രിസ്ത്യന്‍ മുസ്ളീംപള്ളിപെരുന്നാളുകള് എന്നിവയാണ്.1948-ല്‍ ആരംഭിച്ചതാണ് പഞ്ചായത്തിലെ ആദ്യത്തെ വായനശാല. തുടര്‍ന്ന് തെന്മലപ്പുറം വായനശാല, ഇളവംപാടം ജനകീയ വായനശാല, ജയകേരള കോരഞ്ചിറ, ജ്ഞാനോദയം വാല്‍ക്കുളമ്പ്, സ്വരാജ്പാണ്ടാങ്കോട്, പ്രഭാത് വായനശാല മമ്പാട്, ഉദയ ഗ്രന്ഥാലയം മാരിയപ്പാടം, മംഗളോദയ വേളാമ്പുഴ, ഫ്രണ്ട്സ് പാലാക്കുഴി, കേരളജനത വായനശാല നാവിളിന്ചോല എന്നിങ്ങനെ പത്തോളം വായനശാലകള്‍ ആരംഭിക്കുകയുണ്ടായി. കായികരംഗങ്ങളില് നിര്‍ണ്ണായക സ്ഥാനമുള്ള പഞ്ചായത്താണ് കിഴക്കഞ്ചേരി. ഇന്ത്യന്‍ വോളിബാള്ടീമില് അംഗമായിരുന്ന പൊക്കളാശ്ശേരി ചന്ദ്രശേഖരനും അന്യസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചവരെയും സംസ്ഥാന പരിശീലകരായിട്ടുള്ളവരെയുംസംഭാവന ചെയ്യാന്‍ ഈ പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിലെവോളിബാളിന്റെ കളിത്തൊട്ടില്‍ എന്ന് കിഴക്കഞ്ചേരിയെ വിശേഷിപ്പിക്കാം.